Wednesday, May 6, 2009

കരുണയുടെ ജപമാല

കരുണയുടെ ജപമാല
1 സ്വര്‍ഗ്ഗ.1 നന്മ. 1 വിശ്വാസപ്രമാണം
നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോ മിശിഹായുടെ ശരീരരക്തങ്ങളും ആ‍ത്മാവും, ദൈവത്വവും അങ്ങേയ്ക്കു ഞാന്‍ കാഴ്ചവെയ്ക്കുന്നു(ഒരു പ്രാവശ്യം)
ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച് ഞങ്ങളുടെ മേലും ലോകമൊക്കെയുടേയും മേലും കൃപയായിരിക്കണമെ(10 പ്രാവശ്യം)
പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനേ പരിശുദ്ധനായ അമര്‍ത്യനേ ഞങ്ങളുടെ മേല്‍ കൃപയായിരിക്കണമെ(3 പ്രാവശ്യം)

Monday, May 4, 2009

പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന

പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന
പിതാവിന്റെയും പുത്രന്റെയും സ്നേഹമായ പരിശുദ്ധാത്മാവേ(എന്നില്‍ വന്ന് നിറയണമേ)
എല്ലാറ്റിനേയും നവീകരിക്കുന്നവനുംവിശുദ്ധീകരിക്കുന്നവനുമായ പരിശുദ്ധാത്മാവേ(എന്നില്‍ വന്ന് നിറയണമേ)
സഹിക്കാനുള്ള ശക്തിയും സഹനത്തിന്റെ ആത്മധൈര്യവും നല്‍കുന്ന പ.ആത്മാവേ
പാപബോധം പശ്ചാത്താപം മാ‍നസാന്തരം ദൈവസ്നേഹാനുഭവം എന്നീ കൃപകള്‍ എന്നില്‍ വര്‍ഷിക്കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
പരീക്ഷണങ്ങളേയുംപ്രലോഭനങ്ങളേയും അതിജീവിക്കാന്‍ ശക്തി നല്‍കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
ഹൃദയശാന്തത,എളിമ ,സമചിത്തത എന്നീ സുകൃതങ്ങളാല്‍ എന്നെഅലങ്കരിക്കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
പാപമോഹങ്ങളേയും പാപസാഹചര്യങ്ങളേയും വെറുത്തുപേക്ഷിക്കാന്‍ കൃപ നല്‍കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
എന്റെ പരാജയങ്ങളേയും കുറവുകളേയും ഏറ്റുവാങ്ങാന്‍ കൃപ നല്‍കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
എന്റെ വിചാരങ്ങളും പ്രവര്‍ത്തനങ്ങളും ചിന്തകളും ശുദ്ധമായിരിക്കാന്‍ എന്നെ സഹായിക്കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
ബുദ്ധിയും, അറിവും, വിവേകവും നല്‍കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
ആലോചനയും, ദൈവഭയവും, ദൈവഭക്തിയും നല്‍കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
ആത്മശക്തി,സ്നേഹം,ശാന്തി എന്നിവ നല്‍കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
ക്ഷമയും,ദയയും,വിശ്വസ്തതയും നല്‍കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
സൌമ്യത നല്‍കുന്നപ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
രക്ഷകനായ യേശുവേ
വിണ്മഹത്വം വെടിഞ്ഞ്,മനുഷ്യരുടെ ഇടയില്‍ കൂടാരമടിക്കാന്‍ മാത്രം മനുഷ്യകുലത്തെ സ്നേഹിച്ച ദൈവത്തിന്‍ വചനമേ,പരമ കാരുണ്യമേ(അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു)
കാലിത്തൊഴുത്തിലെ പിഞ്ചുശിശുവായും,പണിപ്പുരയിലെ പാവപ്പെട്ടവനായും കഴുമരത്തിലെ കുറ്റവാളിയായും അള്‍ത്താരയിലെ അപ്പമായും തീര്‍ന്ന പരമകാരുണ്യമേ(അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു)
ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകര്യമായ വത്സരവും പ്രഖ്യാപിക്കാനായി ലോകത്തിലേയ്ക്ക് ആഗതനായ അനന്ത സ്നേഹമേ(അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു)
ഞാന്‍നല്ലിടയനാകുന്നു.നല്ലിടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നു.ഞാന്‍ ജീവന്‍ നല്‍കുവാനും അതു സമരുദ്ധമായി നല്‍കുവാനുമാണ് വന്നിരിക്കുന്നതെന്നരുളിയ ബലിയര്‍പ്പിക്കുന്ന സ്നേഹമേ(അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു)
ചുംബനം കൊണ്ട് ഒറ്റിക്കൊടുത്ത യൂദാസിനെ സ്നേഹിതാ എന്നു വിളിച്ച് മാറോടണച്ച സ്നേഹമേ(അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു)
പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയാ‍യ്കയാല്‍ ഇവരോട് ക്ഷമിക്കണമെയെന്ന് ദൈവപിതാവിനോട് മാദ്ധ്യസ്ഥം വഹിച്ചുകൊണ്ട് ശത്രു സ്നേഹം പഠിപ്പിച്ച അവര്‍ണ്ണനീയമായ സ്നേഹമേ(അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു)
ലോകാവസാനം വരെ നമ്മോടൊത്തു വസിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് വി.കുര്‍ബാന സ്ഥാപിച്ച മഹാ കാരുണ്യമേ(അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു)
അപ്പത്തിന്റേയും വീഞ്ഞിന്റേയും സാദൃശ്യങ്ങളില്‍ അനുദിനം ഞങ്ങളുടെ ഹൃദയങ്ങളില്‍ എഴുന്നള്ളിവസിക്കാന്‍ തിരുമനസ്സായ അനന്ത കാരുണ്യമേ(അങ്ങയേ ഞങ്ങള്‍ സ്നേഹിക്കുന്നു)
എന്റെ ഹൃദയം നിനക്കായ് ദാഹിക്കുന്നു.എന്റെ അടുക്കല്‍ വരൂ. നിന്റെ ദുഖങ്ങള്‍ ഏറ്റെടുത്ത് മുറിവുകള്‍ സുഖപ്പെടുത്തി ഹൃദയത്തെ തൃപ്തിപ്പെടുത്തി നിന്നെ ഒരു നവസൃഷ്ടിയാക്കി മാറ്റാമെന്നരുളിക്കൊണ്ട് തന്നിലേയ്ക്ക് മാടിവിളിക്കുന്ന കാരുണ്യമേ(അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു)
ഞങ്ങളുടെ ആശകളെല്ലാം അസ്തമിച്ച് മറ്റാരോടും വെളിപ്പെടുത്താനാവാത്ത കഠിന വേദനകളും പരീക്ഷണങ്ങളും തെറ്റിദ്ധാരണകളും ഞങ്ങളെമരണതുല്യമായ ദുഖത്തിലാഴ്ത്തുമ്പോള്‍ ഞങ്ങളെ മാറോടു ചേര്‍ത്താശ്വസിപ്പിക്കുന്ന ദിവ്യകാരുണ്യമേ(അങ്ങയെ ഞങ്ങള്‍ സ്നെഹിക്കുന്നു)
ആബ്ബാ പിതാവേ
സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ എന്റെ പിതാവേ(അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു)
അനന്തവും അഗ്രാഹ്യവുമായ കാരുണ്യത്താ‍ല്‍ ഞങ്ങളെ സൃഷ്ടിച്ച പിതാവേ(അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു)
തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ അത്രമാത്രം സ്നേഹിച്ച ആബ്ബാ പിതാവേ(അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു)
നീയെനിക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണന്നരുളിയ പിതാവെ(അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു)
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ആത്മാവോടുംപൂര്‍ണ്ണ ശക്തിയോടും കൂടി സ്നേഹിക്കണമെന്നു കല്പിച്ച ആബ്ബാ പിതാവെ(അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു)

Saturday, May 2, 2009

തിരുഹൃദയ നൊവേന

തിരുഹൃദയ നൊവേന
കാര്‍മ്മി: ഈശോയുടെ പരിശുദ്ധ ഹൃദയമേ/അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു/അങ്ങ് ഞങ്ങള്‍ക്ക് ചെയ്തിട്ടുള്ള/ സകല ഉപകാരങ്ങളെക്കുറിച്ചും/അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു/അങ്ങേ ദിവ്യ ഹൃദയത്തിന് /അനുയോജ്യമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ഞങ്ങളെ/അങ്ങേയ്ക്കു ഞങ്ങള്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നു.
ദിവ്യഈശോയെ/ഞങ്ങളുടെ ഭവനങ്ങള്‍ /നസ്രസിലെ അങ്ങേ ഭവനം പോലെ സ്നേഹത്തിന്റെയും/സേവനത്തിന്റെയും/അദ്ധ്വാനത്തിന്റെയും സാ‍ക്ഷ്യങ്ങളായിരിക്കട്ടെ./ഞങ്ങളുടെജീവിതത്തിന്റെ ഉത്തമമാതൃകയും/സംരക്ഷകനുമായ അങ്ങ്/ശിശുക്കളെ പരിപാലിക്കുകയും/യുവതീയുവാക്കളെ പരിശുദ്ധരായി/കാത്തുകൊള്ളുകയും ചെയ്യേണമേ./രോഗികള്‍ക്ക്ആശ്വാസവും/ആസന്നമരണര്‍ക്ക് ആലംബവും/അങ്ങുതന്നെയാകേണമേ./കൃപയുടെയും,സ്നേഹത്തിന്റെയും ഉറവിടമായ/ഈശോയുടെ ദിവ്യഹൃദയമേ/സകലരും അങ്ങേരാജത്വം അംഗീകരിക്കുകയും/ അങ്ങയുടെ തിരുച്ചിത്തം നിറവേറ്റുകയും ചെയ്യുന്ന സമയം വേഗം സമാഗതമാവുകയും ചെയ്യട്ടെ. ആമ്മേന്‍
സുകൃത ജപം
1 പാപികളുടെ നേരെ/ഏറ്റം കൃപയുള്ള ദിവ്യ ഹൃദയമെ/എന്റെമേല്‍ കൃപയായിരിക്കേണമേ.(രണ്ടു പ്രാവശ്യം)
2 ഈശോയുടെ മാധുര്യമേറുന്ന തിരുഹൃദയമേ അങ്ങേ എപ്പോഴുംഅധികമധികം സ്നേഹിപ്പാന്‍ എനിക്ക് അങ്ങ് കൃപ ചെയ്യണമേ.(രണ്ടു പ്രാവശ്യം)
പ്രാര്‍ത്ഥിക്കാം
കാര്‍മ്മി:കര്‍ത്താവേ,അങ്ങയുടെ പൈതൃകമായ പരിപാലനയെഞങ്ങളാരാധിക്കുന്നു.അങ്ങേ കാരുണ്യത്തെ ഞങ്ങള്‍ പുകഴ്ത്തുകയും അങ്ങയുടെ മഹനീയമായ ത്രീത്വത്തെ നിരന്തരം സ്തുതിക്കുകയും ചെയ്യുന്നു.അങ്ങ ഞങ്ങള്‍ക്കു നല്‍കിയിരിക്കുന്നശാരീരികവും ആത്മീയവുമായ എല്ലാ ഉപകാര സഹായങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു.കരുണാനിധിയും പാപങ്ങള്‍ പൊറുക്കുന്നവനുമായ ദൈവമേ,അങ്ങേ സന്നിധിയില്‍ നില്‍ക്കുന്ന ഞങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയുകയും സ്വര്‍ഗ്ഗ ഭാഗ്യത്തിന് അര്‍ഹരാക്കുകയും ചെയ്യണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ
സമൂ: ആമ്മേന്‍
സങ്കീര്‍ത്തനം
കാര്‍മ്മി: വരുവിന്‍, നമുക്കു കര്‍ത്താവിനെ സ്തുതിക്കാം.രക്ഷകനായ ദൈവത്തെ പുകഴ്ത്താം
സമൂ: സ്തുതികളോടുകൂടി അവിടുത്തെ സന്നിധിയിലെത്താം. കീര്‍ത്തനങ്ങളാല്‍ അവിടുത്തേയ്ക്കു നമുക്കു സ്തോത്രം ചെയ്യാം
കാര്‍മ്മി: എന്തെന്നാല്‍ അവിടുന്നു നമ്മുടെ രാജാവാകുന്നു.നാംഅവിടുത്തെ മേച്ചില്‍ സ്ഥലത്തെ ജനങ്ങളും
സമൂ: കര്‍ത്താവ് എന്റെ ഇടയനാകുന്നു.എനിക്ക് ഒന്നിനും മുട്ടുണ്ടാവുകയില്ല
കാര്‍മ്മി: പച്ചപ്പുല്പുറങ്ങളില്‍ അവിടുന്നെന്നെമേയ്ക്കും.നിശ്ചലമായ ജലാശയത്തിന്റെ സമീപത്തേയ്ക്ക് അവിടുന്നെന്നെ നയിക്കും
സമൂ: കര്‍ത്താവേ ഞാനങ്ങയെ ആശ്രയിക്കുന്നു.അങ്ങ് എന്റെ ദൈവമാണന്നേറ്റുപറയുന്നു
കാര്‍മ്മി: എന്റെ ആത്മാവു കര്‍ത്താവില്‍ ആനന്ദിക്കും.അവിടുത്തെ സഹായത്തില്‍ ആനന്ദംകൊള്ളും
സമൂ: ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്തവണ്ണം എന്റെമേല്‍ കൃപയായിരിക്കണമെ.അങ്ങയുടെ കൃപാധിക്യത്താല്‍ എന്റെ അകൃത്യങ്ങളെ മായിച്ചു കളയണമെ
കാര്‍മ്മി: എന്റെ കുറ്റങ്ങള്‍ എന്നില്‍ നിന്നു നിശേഷം കഴുകികളയണമെ
സമൂ: കര്‍ത്താവേ,അങ്ങേയ്കെതിരായി ഞാന്‍ പാ‍പം ചെയ്തു.അങ്ങയുടെ സന്നിധിയില്‍ ഞാന്‍ തിന്മകള്‍ ചെയ്തുപോയി
കാര്‍മ്മി: കര്‍ത്താവേഅങ്ങേ കാരുണ്യം എന്നില്‍നിന്ന് പിന്‍ വലിക്കരുതേ,അങ്ങയുടെ ദയയും സത്യവും എന്നും എന്നെ പരിപാലിക്കട്ടെ
കാറോസൂസ
കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും ഭക്തിയാദരവോടെ കര്‍ത്താവേ ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമെ എന്നു പ്രാര്‍ത്ഥിക്കാം
സമൂ: കര്‍ത്താവേ ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമെ
കാര്‍മ്മി:വിശ്വസിക്കുന്നവര്‍ക്ക് എല്ലാം സാധിക്കും എന്ന് അരുള്‍ചെയ്ത കര്‍ത്താവേ
സമൂ: ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമെ
കാര്‍മ്മി: കടുകുമണിപോലെയുള്ളവിശ്വാസത്തോടുകൂടി ഈ മലയോട് ഇവിടുന്നു മാറ്റുവാന്‍ പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കുമെന്നരുള്‍ ചെയ്ത കര്‍ത്താവേ
സമൂ: ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമെ
ശതാധിപന്റെ വിശ്വാസത്തില്‍ സം പ്രീതനായി ഇസ്രായേലില്‍ പോലും ഇതുപോലുള്ള വിശ്വാസം ഞാന്‍ ദര്‍ശിച്ചിട്ടില്ല എന്ന് അരുള്‍ചെയ്ത കര്‍ത്താവേ
സമൂ: ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമെ
കാര്‍മ്മി: മകളേ ധൈര്യമായിരിക്കുക നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചുവെന്ന് രക്തസ്രാവക്കാരിസ്ത്രീയോട് അരുള്‍ചെയ്ത കര്‍ത്താവേ
സമൂ:ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമെ
കാര്‍മ്മി: ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും അന്വേഷിക്കുവിന്‍ നിങ്ങള്‍കണ്ടെത്തും ;മുട്ടുവിന്‍ തുറക്കപ്പെടും എന്നു വാഗ്ദാനം ചെയ്ത കര്‍ത്താവേ
സമൂ: ഞങ്ങളുടെ പ്രാര്‍ത്ഥന കെള്‍ക്കണമെ
കാര്‍മ്മി: വിശ്വാസത്തോടുകൂടി പ്രാര്‍ത്ഥിക്കുന്നതെല്ലാം നിങ്ങള്‍ക്ക് ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത കര്‍ത്താവേ
സമൂ: ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
കാര്‍മ്മി: ദൈവം രാവും പകലും തന്റെ പക്കല്‍നിലവിളിക്കുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വേണ്ടി എന്തും ചെയ്യുമെന്നു വാഗ്ദാനം ചെയ്ത കര്‍ത്താവേ
സമൂ: ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
കാര്‍മ്മി:നിങ്ങള്‍ എന്റെ നാ‍മത്തില്‍ പിതാവിനോടപേക്ഷിക്കുന്നതെല്ലാം നിങ്ങള്‍ക്കു ഞാന്‍ ചെയ്തുതരുമെന്നു വാഗ്ദാനം ചെയ്ത കര്‍ത്താവേ
സമൂ: ഞങ്ങളുടെ പ്രാര്‍ത്ഥനകേള്‍ക്കണമെ
കാര്‍മ്മി: ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ ശാ‍ഖകളുമാകുന്നുവെന്നു അരുള്‍ ചെയ്ത കര്‍ത്താവേ
സമൂ:ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
കാര്‍മ്മി:എന്നെക്കൂടാതെ നിങ്ങള്‍ക്കൊന്നും ചെയ്യുവാന്‍ കഴിയുകയില്ലെന്ന് അരുള്‍ചെയ്ത കര്‍ത്താവേ
സമൂ:ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
നവനാള്‍ പ്രാര്‍ത്ഥന
മനുഷ്യവര്‍ഗ്ഗത്തിന്റെ നേരെ/കൃപയും അനുഗ്രഹവും നിറഞ്ഞ/ഈശോയുടെ തിരുഹൃദയമേ/ ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.അങ്ങു ഞങ്ങള്‍ക്കു ചെയ്തിട്ടുള്ള/എല്ലാ സഹായങ്ങള്‍ക്കും അങ്ങേയ്ക്കു ഞങ്ങള്‍ നന്ദിപറയുന്നു/ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെ./ആപത്തുകളില്‍ ഞങ്ങളെ സംരക്ഷിക്കണമെ./ക്ലേശങ്ങളില്‍ ഞങ്ങളെ ആശ്വസിപ്പിക്കണമെ/അനുഗ്രഹത്തിന്റെയും സ്നേഹത്തിന്റെയും നികേതനമായ/അങ്ങേ തിരുഹൃദയത്തിന്‍പക്കലടുത്ത്/ഞങ്ങള്‍ക്കേറ്റം ആവശ്യമായ/(ഈ അനുഗ്രഹം) നല്‍കുമാറാകണമെന്ന് ഏറ്റം എളിമയോടും ശരണത്തോടും കൂടി/അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു./എന്റെ ഹൃദയത്തിന്റെ സ്വരൂപം /സ്ഥാപിക്കുകയും വണങ്ങുകയുംചെയ്യുന്ന കുടുംബങ്ങളെ ഞാന്‍ ധാരാളം ആശീര്‍വദിക്കുകയും/അവരുടെ കുടുംബത്തില്‍ സമാധാനം സ്ഥാപിക്കുകയും ചെയ്യുമെന്ന് /വിശുദ്ധ മാര്‍ഗരീത്താ മറിയത്തോട്വാഗ്ദാനം ചെയ്ത കര്‍ത്താവേ/അങ്ങേയ്ക്കു സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഞങ്ങളേയും ഞങ്ങളുടെ കുടുംബങ്ങളേയും/സംരുദ്ധമായി അനുഗ്രഹിക്കണമേ.1സ്വ.1നന്മ.1ത്രീ
ലുത്തിനിയനിത്യപിതാവിന്റെ സുതനാ‍യ ഈശോയുടെ തിരുഹൃദയമേ(ഞങ്ങളെ അനുഗ്രഹിക്കണമെ)/ദൈവതിരുമനസ്സിനോട് സാരാംശത്തില്‍ യോജിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ/ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ/ജ്വലിച്ചിരിക്കുന്ന സ്നേഹാഗ്നി ചൂളയാകുന്ന ഈശോയുടെ തിരുഹൃദയമേ/സകല നന്മയും സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ/സകല പുണ്യങ്ങളുടെയും ഉറവിടമായ ഈശോയുടെ തിരുഹൃദയമേ/ക്ഷമയും അതിദയയുമുള്ള ഈശോയുടെ തിരുഹൃദയമേ/ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ/ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാര ബലിയായ ഈശോയുടെ തിരുഹൃദയമേ/കുന്തത്താല്‍ കുത്തിതുറക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ/ ഞങ്ങളുടെ അക്രമം നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ/സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമെ/ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ/അങ്ങില്‍ ആ‍ശ്രയിക്കുന്നവരുടെ രക്ഷയായ ഈശോയുടെ തിരുഹൃദയമെ/അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമെ/ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിന്‍ കുട്ടി(കര്‍ത്താവേ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമെ)/ ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിന്‍ കുട്ടി(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ)/ ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിന്‍ കുട്ടി(കര്‍ത്താവേ ഞങ്ങളെ അനുഗ്രഹിക്കണമെ
പ്രാര്‍ത്ഥിക്കാം
സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ അങ്ങേ പ്രിയപുത്രന്റെ തിരുഹ്രൃദയത്തെയും പാപികള്‍ക്കായിഞങ്ങള്‍ അങ്ങേയ്ക്കു കാഴ്ചവച്ച സ്തുതികളേയും പാപപരിഹാരങ്ങളേയും തൃക്കണ്‍പാര്‍ക്കണമെ.പിതാവും പുത്രനും പരിശുദ്ധാ‍ത്മാവുമായ സര്‍വ്വേശ്വരാ ആമ്മേന്‍.

Thursday, April 30, 2009

അമ്പത്തിമൂന്നൂമണിജപം

അമ്പത്തിമൂന്നുമണിജപം ......................................അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സര്‍വ്വേശ്വരാ കര്‍ത്താവേ! നീചമനുഷ്യരും നന്ദിഹീനരായ പാപികളുമായിരിക്കുന്നഅടിയങ്ങള്‍ അറിതിയില്ലാത്ത മഹിമപ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയില്‍ ജപം ചെയ്യാന്‍ അയോഗ്യരായിരിക്കുന്നു.എങ്കിലും അങ്ങേ അനന്തമായ ദയയിന്മേല്‍ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി അമ്പത്തിമൂന്നുമണി ജപംചെയ്യാന്‍ ആശിക്കുന്നു.ഈ ജപം ഭക്തിയോടുകൂടെ ചെയ്തു പലവിചാരം കൂടാതെ തികപ്പാന്‍ കര്‍ത്താവേ അങ്ങു സഹായം ചെയ്യേണമെ!
(വിശ്വാസപ്രമാണം)
വിശ്വാസപ്രമാണംസര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍ നിന്നു പിറന്നു; പെന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ച് കുരിശില്‍ തറയ്ക്കപ്പെട്ടു;മരിച്ച്, അടക്കപ്പെട്ടു.പാതാളത്തിലിറങ്ങി മരിച്ചവരുടെ ഇടയില്‍ നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു: സ്വര്‍ഗത്തിലേയ്ക്കെഴുന്നെള്ളി സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു;അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരേയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു.വിശുദ്ധ കത്തോലിക്കാസഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും,പാപങ്ങളുടെ മോചനത്തിലും,ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.(1സ്വര്‍ഗ്ഗ)
ബാവാതമ്പുരാന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവെ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്‌വാനായിട്ട്അങ്ങെ തിരുക്കുമാരനോടപേക്ഷിക്കണമേ.(1സ്വര്‍ഗ്ഗ)
പുത്രന്‍ തമ്പുരാന്റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവെ! ഞങ്ങളില്‍ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുവാനായിട്ട് അങ്ങേതിരുക്കുമാരനോട് അപേക്ഷിക്കണമേ. (1നന്മ)
റൂഹാദ്ക്കുദിശാതമ്പുരാന്റെ സ്നേഹ ഭാജനമായിരിക്കുന്ന പരിശുദ്ധ ദൈവമാതാവെ! ഞങ്ങളില്‍ ദൈവഭക്തിയെന്ന പുണ്യമുണ്ടായി വര്‍ദ്ധിപ്പാനായിട്ട് അങ്ങേതിരുക്കുമാരനോട് അപേക്ഷിക്കണമേ(1 നന്മ. 1ത്രി.)
(തിങ്കള്‍,ശനി ഈ ദിവസങ്ങളില്‍ ചൊല്ലേണ്ട സന്തോഷകരമായ ദൈവരഹസ്യങ്ങള്‍)
1-മത്തെ ദൈവരഹസ്യംപരിശുദ്ധ കന്യാസ്ത്രീ മറിയമേ! ദൈവവചനം അങ്ങേ തിരുവുദരത്തില്‍ മനുഷ്യാവതാരം ചെയ്യുമെന്ന് ഗബ്രിയേല്‍ ദൈവദൂതന്‍ ദൈവകല്പനയാല്‍അങ്ങേ അറിയിച്ചതിനാല്‍ അങ്ങേയ്ക്കുണ്ടായ സന്തോഷത്തെ ഓര്‍ത്തു ധ്യാനിക്കുന്ന അങ്ങേ മക്കളായ ഞങ്ങള്‍ ഞങ്ങളുടെ ഹൃദയത്തിലും എപ്പോഴുംതന്നെ സംഗ്രഹിച്ചുകൊണ്ടിരിപ്പാന്‍ കൃപചെയ്യണമെ.
1സ്വ.10ന.1ത്രി ഓ ഈശോയെ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ നരകാഗ്നിയില്‍ നിന്നും ഞങ്ങളേ രക്ഷിക്കേണമേ എല്ലാ ആത്മാക്കളേയും പ്രത്യേകിച്ച്അങ്ങേ സഹായം കൂടുതല്‍ ആവശ്യമുള്ള ആത്മാക്കളേയും സ്വര്‍ഗ്ഗത്തിലേയ്ക് ആനയിക്കേണമേ.
2-മത്തെ ദൈവരഹസ്യംപരിശുദ്ധ ദൈവമാതാവെ!അങ്ങേ ഇളയമ്മയായ ഏലീശ്വാ പുണ്യവതിയേ അങ്ങു ചെന്നു കണ്ടപ്പോള്‍ ആ പുണ്യവതിക്ക് സര്‍വ്വേശ്വരന്‍ ചെയ്തകരുണയെക്കണ്ട് അങ്ങേക്കുണ്ടായ അത്യധിക സന്തോഷത്തെ ഓര്‍ത്തു ധ്യാനിക്കുന്ന ഞങ്ങള്‍ ലൌകിക സന്തോഷത്തെ പരിത്യജിച്ചു പരലോക സന്തോഷങ്ങളെ ആഗ്രഹിച്ചു തേടുവാന്‍ കൃപചെയ്യണമേ.1സ്വ.10ന.1ത്രി.ഓ ഈശോയെ........
3-മത്തെ ദൈവരഹസ്യംപരിശുദ്ധ ദൈവമാതാവെ! അങ്ങേ കന്യാത്വത്തിനു അന്തരം വരാതെ അങ്ങു ദൈവകുമാരനെ പ്രസവിച്ചതിനാല്‍ അങ്ങേയ്ക്കുണ്ടായസന്തോഷത്തിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും താന്‍ ജ്ഞാനവിധമായി പിറപ്പാന്‍ കൃപ ചെയ്യണമേ.1സ്വ 10ന.1ത്രിഓ ഈശോയെ........
4-മത്തെ ദൈവരഹസ്യംപരിശുദ്ധ ദൈവമാതാവെ! അങ്ങേ ദിവ്യകുമാരനെ ദേവാലയത്തില്‍ കാഴ്ചവെച്ചപ്പോള്‍ മഹാത്മാക്കള്‍ തന്നെ സ്തുതിക്കുന്നതു കണ്ട് അങ്ങേക്കുണ്ടായ സന്തോഷത്തിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍ അങ്ങേയ്ക്കു യോഗ്യമായ ദേവാലയമായിരിക്കാന്‍ കൃപ ചെയ്യണമെ.1സ്വ.10ന.1ത്രി.ഓ ഈശോയെ......
5-മത്തെ ദൈവരഹസ്യംപരിശുദ്ധ ദൈവമാതാവേ!അങ്ങേ തിരുക്കുമാരന്‍ പന്ത്രണ്ടു വയസ്സില്‍ കാണാതെ പോയപ്പോള്‍ മൂന്നാം ദിവസം ദേവാലയത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കയില്‍ അങ്ങു തന്നെ കണ്ടെത്തിയതിനാല്‍ അങ്ങേയ്ക്കുണ്ടായ സന്തോഷത്തിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍ തന്നെ ഒരിക്കലും പാപത്താല്‍വിട്ടുപിരിയാതിരിപ്പാനും വിട്ടുപിരിഞ്ഞുപോയാലുടനെ മനസ്താപത്താല്‍ തന്നെ കണ്ടെത്തുവാനും കൃപ ചെയ്യണമെ.1സ്വ.10ന.1ത്രി.ഓ ഈശോയെ........
(ചൊവ്വ,വെള്ളി ഈ ദിവസങ്ങളില്‍ ചൊല്ലേണ്ട ദുഖാത്മകമായ ദൈവരഹസ്യങ്ങള്‍)
1-മത്തെ ദൈവരഹസ്യംപരിശുദ്ധ ദൈവമാതാവെ! അങ്ങേ തിരുക്കുമാരന്‍ പൂങ്കാവനത്തില്‍ വച്ചു നമസ്ക്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ രക്തം വിയര്‍ത്തു എന്നതിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍ പാപങ്ങളിന്മേല്‍ മനസ്തപിച്ച് പാപശാന്തി ലഭിക്കുവാന്‍ കൃപ ചെയ്യണമെ. 1-സ്വ.10ന.1ത്രിഓ ഈശോയെ.......
2-മത്തെ ദൈവരഹസ്യംപരിശുദ്ധ ദൈവമാതാവെ! അങ്ങേ തിരുക്കുമാരന്‍ കല്‍ത്തൂണില്‍ കെട്ടപെട്ടു ചമ്മട്ടികളാല്‍ അടിക്കപ്പെട്ടു എന്നതിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍ഞങ്ങളുടെ പാപങ്ങളാല്‍ ഉണ്ടാകുന്ന കഠിന ശിക്ഷകളില്‍ നിന്നു മനസ്താപത്താലും നല്ല വ്യാപാരത്താലും ഒഴിഞ്ഞുമാറാന്‍ കൃപ ചെയ്യണമെ. 1സ്വ.10ന.1ത്രിഓ ഈശോയെ.......
3 -മത്തെ ദൈവരഹസ്യംപരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്റെ ശിരസില്‍ മുള്‍മുടി ധരിപ്പിച്ച് പരിഹാസ രാജാവായിട്ട് തന്നെ സ്ഥാപിച്ചതിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍ഞങ്ങളുടെ ഹൃദയത്തിലുള്ള പാപമുള്ളുകളെ മനസ്താപത്താല്‍ പിഴുതു കളയുവാന്‍ കൃപ ചെയ്യണമെ.1സ്വ.10ന.1ത്രിഓ ഈശോയെ........
4-മത്തെ ദൈവരഹസ്യംപരിശുദ്ധ ദൈവമാതാവെ!അങ്ങേ തിരുക്കുമാരന്‍ ഈശോമിശിഹാ മരണത്തിനു വിധിക്കപ്പെട്ടു ഭാരമേറിയ സ്ലീവാമരം ചുമന്നുകൊണ്ട് ഗാഗുല്‍ത്താ‍ മലയിലേയ്ക്ക്പോകുന്നതിന്മേല്‍ ധ്യാ‍നിക്കുന്ന ഞങ്ങള്‍ ദുഖമാകുന്ന സ്ലീവായെ ക്ഷമാപൂര്‍വ്വം ചുമന്നുകൊണ്ട് തന്നെ അനുഗമിക്കുവാന്‍ കൃപചെയ്യണമെ.1സ്വ.10ന.1ത്രിഓ ഈശോയെ.......
5-മത്തെ ദൈവരഹസ്യംപരിശുദ്ധ ദൈവമാതാവെ! അങ്ങേ തിരുക്കുമാരന്‍ ഗാഗുല്‍ത്താമലയില്‍ വച്ച് അങ്ങേ മുമ്പാകെ ഇരുമ്പാണികളാല്‍ കുരിശില്‍ തറയ്ക്കപ്പെട്ടതിന്മേല്‍ ധ്യാ‍നിക്കുന്നഞങ്ങളുടെ ഹൃദയത്തില്‍ തന്റെ തിരുപ്പാടുകളും അങ്ങേ വ്യാകുലതകളും പതിപ്പിച്ചരുളണമെ.1സ്വ.10ന.1ത്രി.ഓ ഈശൊയെ......
(ബുധന്‍,ഞായര്‍ ഈ ദിവസങ്ങളില്‍ ചൊല്ലേണ്ട മഹിമയ്ക്കടുത്ത ദൈവരഹസ്യങ്ങള്‍)
1-മത്തെ ദൈവരഹസ്യംപരിശുദ്ധ ദൈവമാതാവെ! അങ്ങേ തിരുക്കുമാരന്‍ പാ‍ടുപെട്ടു മരിച്ചു മൂന്നാം നാള്‍ എന്നേയ്ക്കും ജീവിക്കുന്നവനായി ഉയര്‍ത്തതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങള്‍ പാപമായ മരണത്തില്‍ നിന്ന് നിത്യമായി ഉയിര്‍ത്തെഴുന്നേല്പാന്‍ കൃപ ചെയ്യണമേ.1സ്വ.10ന.1ത്രി.ഓ ഈശോയെ........
2-മത്തെ ദൈവരഹസ്യംപരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ഉയിര്‍ത്തു നാല്പതാം ദിവസം അനന്തമായ മഹിമ പ്രതാപത്തോടു കൂടി മോക്ഷാരോഹനം ചെയ്തതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങള്‍ പരലോകവാഴ്ചയെ മാത്രം ആഗ്രഹിച്ച് മോക്ഷഭാഗ്യം പ്രാപിക്കുവാന്‍ കൃപ ചെയ്യണമേ.1സ്വ.10ന.1ത്രി.ഓ ഈശോയെ......
3-മത്തെ ദൈവരഹസ്യംപരിശുദ്ധ ദൈവമാതാവെ! അങ്ങേ തിരുക്കുമാരന്‍ ആകാശത്തിലേയ്ക്കെഴുന്നള്ളയതിന്റെ പത്താം നാള്‍ ഊട്ടുശാലയില്‍ധ്യാനിച്ചിരുന്ന തന്റെ ശിഷ്യന്മാരുടെ മേലും അങ്ങേമേലും റൂഹാദ്ക്കുദിശാതമ്പുരാനെ യാത്രയാക്കിയതിനാലുണ്ടായമഹിമയെ ധ്യാനിക്കുന്ന ഞങ്ങള്‍ റൂഹാദ്ക്കുദിശായുടെ പ്രസാദവരത്താല്‍ ദൈവതിരുമനസുപോലെ വ്യാപരിപ്പാന്‍കൃപ ചെയ്യണമേ.1സ്വ.10ന.1ത്രി.ഓ ഈശോയേ......
4-മത്തെ ദൈവരഹസ്യംപരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ഉയിര്‍ത്തെഴുന്നെള്ളി കുറെക്കാലം കഴിഞ്ഞപ്പോള്‍ അങ്ങ് ഇഹലോകത്തില്‍ നിന്നും മാലാഖമാരാല്‍ ആകാശമോക്ഷത്തിലേയ്ക്ക് കരേറ്റപ്പെട്ടതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്നഞങ്ങളും അങ്ങേ സഹായത്താല്‍ മോക്ഷത്തില്‍ വന്നു ചേരുവാന്‍ കൃപചെയ്യണമേ.1സ്വ.10ന.1ത്രി.ഓ ഈശോയെ.........
5-മത്തെ ദൈവരഹസ്യംപരിശുദ്ധ ദൈവമാ‍താവേ! സ്വര്‍ഗ്ഗത്തില്‍ അങ്ങ് എഴുന്നെള്ളിയ ഉടനെ അങ്ങേ തിരുക്കുമാരന്‍ അങ്ങയെ ത്രിലോകരാജ്ഞിയായി മുടിധരിപ്പിച്ചതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങളും മോക്ഷാനന്ദഭാഗ്യത്തില്‍ അങ്ങയോടുകൂടേ സന്തതം ദൈവത്തെ സ്തുതിച്ചാനന്ദിപ്പാന്‍ കൃപചെയ്യണമേ.1സ്വ.10ന.1ത്രിഓ ഈശോയെ......
(വ്യാഴാഴ്ച ചൊല്ലേണ്ട പ്രകാശത്തിന്റെ രഹസ്യങ്ങള്‍)
1-മത്തെ ദൈവരഹസ്യംനമ്മുടെ കര്‍ത്താവീശോമിശിഹാ യോര്‍ദ്ദാന്‍ നദിയില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചപ്പോള്‍ പരിശുദ്ധാ‍ത്മാവ്പ്രാവിന്റെ രൂപത്തില്‍ അവിടുത്തെമേല്‍ എഴുന്നെള്ളി എന്നതിനെക്കുറിച്ച് ധ്യാനിക്കുന്ന ഞങ്ങള്‍ ദൈവമക്കള്‍ക്കുയോജ്യമായ ജീ‍വിതം നയിക്കുവാന്‍ സഹായിക്കണമേ.1സ്വ.10ന.1ത്രി.ഓ ഈശോയെ...... 2-മത്തെ ദൈവരഹസ്യംനമ്മുടെ കര്‍ത്താവീശോമിശിഹാ കാനായിലെ കല്യാണവിരുന്നില്‍ അവിടുത്തെ മാതാവിന്റെ അപേക്ഷ പ്രകാരം ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് ധ്യാനിക്കുന്ന ഞങ്ങള്‍ നിന്റെ സഹായത്താല്‍ ദൈവരാജ്യത്തിന്റെസന്തോഷങ്ങള്‍ സ്വയാത്തമാക്കുവാന്‍ സഹായിക്കണമേ.1സ്വ.10ന.1ത്രി.ഓ ഈശോയെ.......
3-മത്തെ ദൈവരഹസ്യംനമ്മുടെ കര്‍ത്താവീശോമിശിഹാ ഗലീലിയ മുഴുവന്‍ ചുറ്റി സഞ്ചരിച്ച് സിനഗോഗുകളില്‍ പഠിപ്പിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും ചെയ്തതിനെക്കുറിച്ച് ധ്യാനിക്കുന്ന ഞങ്ങള്‍ അവിടുത്തെ തിരുവചനങ്ങള്‍പാലിച്ച് നിഷ്കളങ്കരായി ജീവിക്കുവാന്‍ സഹായിക്കണമേ.1സ്വ.10ന.1ത്രി.ഓ ഈശോയെ.......
4-മത്തെ ദൈവരഹസ്യംനമ്മുടെ കര്‍ത്താവീശോമിശിഹാ തന്റെ ശിഷ്യന്മാര്‍ കാണ്‍കെ താബോര്‍മലയില്‍ വച്ച് രൂപാന്തരപ്പെട്ട് തന്റെദിവ്യമഹത്വം അവരുടെ മുമ്പില്‍ പ്രകടമാക്കിയതിനെക്കുറിച്ച് ധ്യാനിക്കുന്ന ഞങ്ങള്‍ ദൈവത്തെ ആരാധിക്കുവാനുംസ്തുതിക്കുവാനും യോഗ്യരാകുവാന്‍ സഹായിക്കണമേ.1സ്വ.10ന.1ത്രി.ഓ ഈശൊയെ........
5-മത്തെ ദൈവരഹസ്യംനമ്മുടെ കര്‍ത്താവീശോമിശിഹാ അവസാന അത്താഴത്തിന്റെ സമയത്ത് വി. കുര്‍ബാന എന്ന രഹസ്യം സ്ഥാപിച്ചതിനെ ഓര്‍ത്തു ധ്യാനിക്കുന്ന ഞങ്ങള്‍ അവിടുത്തെ ശരീരരക്തങ്ങളാല്‍ പരിപോഷിക്കപ്പെട്ട് മരണത്തില്‍ നിന്ന് നിത്യായുസ്സിലേയ്ക്ക് പ്രവേശിക്കുവാന്‍ സഹായിക്കണമേ.1സ്വ.10ന.1ത്രി.ഓ ഈശോയെ........
ജപമാല അര്‍പ്പണം
മുഖ്യദൂതനായ വി.മിഖായേലേ, ദൈവദൂതന്മാരായ വി.ഗബ്രിയേലെ, വി.റപ്പായേലേ,ശ്ലീഹന്മാരായ വി.പത്രോസേ, വി.പൌലോസേ, വി.യോഹന്നാനേ, വി.തോമായേ, മഹാത്മാവായ വി.യൌസേപ്പേ, ഞങ്ങള്‍ വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങള്‍ ജപിച്ച ഈ പ്രാര്‍ത്ഥന നിങ്ങളുടെ കീര്‍ത്തനങ്ങളോടുകൂടെ ഒന്നായിച്ചേര്‍ത്ത്പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കല്‍ കാഴ്ചവെയ്ക്കുവാന്‍ നിങ്ങളോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ലുത്തിനിയാ
കര്‍ത്താവേ! അനുഗ്രഹിക്കണമേമിശിഹായെ അനുഗ്രഹിക്കണമെകര്‍ത്താവേ! അനുഗ്രഹിക്കണമെമിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെമിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമെആകാശങ്ങളിലിരിക്കുന്ന ബാ‍വാതമ്പുരാനെ (ഞങ്ങളെ അനുഗ്രഹിക്കണമെ)ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനെറൂഹാദ്ക്കുദ്ശാ തമ്പുരാനെഏകസ്വരൂപമായിരിക്കുന്ന പരിശുദ്ധത്രിത്വമെപരിശുദ്ധമറിയമെദൈവകുമാരന്റെ പുണ്യജനനീകന്യാസ്തീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയേമിശിഹായുടെ മാതാവെദൈവപ്രസാദത്തിന്റെ മാതാവെഎത്രയും നിര്‍മ്മലയായ മാതാവെഅത്യന്ത വിരക്തിയുള്ള മാതാവെ കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,കന്യാവ്രതത്തിന് അന്തരം വരാത്ത മാതാവേ,സ്നേഹഗുണങ്ങളുടെ മാതാവേ,അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവേ,സദുപദേശത്തിന്റെ മാതാവേ,സൃഷ്ടാവിന്റെ മാതാവേ,രക്ഷിതാ‍വിന്റെ മാതാവേ,വിവേകൈശ്വര്യമുള്ള കന്യകേ,പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,വല്ലഭമുള്ള കന്യകേ,കനിവുള്ള കന്യകേ,വിശ്വാസവതിയായിരിക്കുന്ന കന്യകേ,നീതിയുടെ ധര്‍പ്പണമേ,ബോധജ്ഞാനത്തിന്റെ സിംഹാസനമേ,ഞങ്ങളുടെ തെളിവിന്റെ കാരണമേ,ആത്മജ്ഞാനപൂരിത പാത്രമേ,ബഹുമാനത്തിന്റെ പാത്രമേ,അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,ദാവീദിന്റെ കോട്ടയേ,നിര്‍മ്മലദന്തം കൊണ്ടുള്ള കോട്ടയേ,സ്വര്‍ണ്ണാലയമേ,വാഗ്ദാനത്തിന്റെ പെട്ടകമേ,ആകാശമോക്ഷത്തിന്റെ വാതിലേ,ഉഷംകാലത്തിന്റെ നക്ഷത്രമേ,രോഗികളുടെ സ്വസ്ഥാനമേ,പാപികളുടെ സങ്കേതമേ,വ്യാകുലന്മാരുടെ ആശ്വാസമേ,ക്രിസ്ത്യാനികളുടെ സഹായമേ,മാലാഖമാരുടെ രാജ്ഞി,ബാവാന്മാരുടെ രാജ്ഞി,ദീര്‍ഘദര്‍ശികളുടെ രാജ്ഞി,ശ്ലീഹന്മാരുടെ രാജ്ഞി,വേദസാക്ഷികളുടെ രാജ്ഞി,വന്ദനീയന്മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞീ,സകലപുണ്യവാന്മാരുടെയും രാജ്ഞീ,അമലോത്ഭവയായിരിക്കുന്ന രാജ്ഞീ,സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞീ,പരിശുദ്ധ ജപമാലയുടെ രാജ്ഞീ,സമാധാനത്തിന്റെ രാജ്ഞീ,കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞീ,
ഭൂലോക പാപങ്ങളെ നീക്കുന്ന ദിവ്യ ചെമ്മരിയാടായിരികുന്ന ഈശോ തമ്പുരാനേ, കര്‍ത്താവേ ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ,ഭൂലോകപാപങ്ങളെ നീക്കുന്ന...............കര്‍ത്താവെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,ഭൂലോകപാപങ്ങളെ നീക്കുന്ന.................കര്‍ത്താവെ! ഞങ്ങളെ അനുഗ്രഹിക്കണമേ
ദൈവത്തിന്റെ പുണ്യപൂര്‍ണ്ണയായ മാതാവെ,ഇതാ ഞങ്ങള്‍ അങ്ങില്‍ അഭയം തേടുന്നു.ഞങ്ങളുടെ ആവശ്യ നേരത്ത് ,ഞങ്ങളുടെ യാചനകള്‍ഉപേക്ഷിക്കരുതേ.ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാ മാതാവേ,സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ.ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍സര്‍വ്വേശ്വരന്റെ പരിശുദ്ധ ദൈവമാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.പ്രാര്‍ത്ഥിക്കാം കര്‍ത്താവേ പൂര്‍ണ്ണമനസ്സോടെ സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ തൃക്കണ്‍പാര്‍ക്കണമേ,എപ്പോഴും പരിശുദ്ധ കന്യകയായിരിക്കുന്നമറിയത്തിന്റെ അപേക്ഷയാല്‍ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്നും ഞങ്ങളെ ദയാപൂര്‍വ്വം രക്ഷിക്കണമേ,ഈ അപേക്ഷകള്‍ ഞങ്ങളുടെകര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെപ്രതി ഞങ്ങള്‍ക്കു തരണമേ.
പരിശുദ്ധ രാജ്ഞീപരിശുദ്ധ രാജ്ഞീ, കരുണയുടെ മാതാവേ സ്വസ്തി.ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി.ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായഞങ്ങള്‍ അങ്ങെ പക്കല്‍ നിലവിളിക്കുന്നു.കണ്ണുനീരിന്റെ താഴ്വരയില്‍നിന്ന് വിങ്ങിക്കരഞ്ഞ് ഞങ്ങള്‍ അങ്ങേപക്കല്‍ നെടുവീര്‍പ്പെടുന്നു.ആകയാല്‍ഞങ്ങളുടെ മദ്ധ്യസ്ഥേ അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ മേല്‍ തിരിക്കണമേ.ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്കു കാണിച്ചു തരേണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ,ആമ്മേന്‍.
പ്രാര്‍ത്ഥിക്കാം സര്‍വ്വശക്തനും നിത്യനുമായ ദൈവമേ,ഭാഗ്യവതിയായ മറിയത്തിന്റെ ആത്മാവും ശരീരവും അങ്ങയുടെ ദിവ്യപുത്രനു യോഗ്യമായ വാസസ്ഥലമാകുവാന്‍ആദിയില്‍തന്നെ അങ്ങു തീരുമാനിച്ചുവല്ലോ.ആ ദിവ്യമാതാവിനെ ഓര്‍ത്ത് ആനന്ദിക്കുന്ന ഞങ്ങള്‍ അവളുടെ അനുഗ്രഹമേറിയ അപേക്ഷകളാല്‍ ഈലൊകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്ന് രക്ഷപെടുവാന്‍ കൃപ നല്‍കണമേ.ഈ അപേക്ഷകള്‍ ഞങ്ങളുടെ കര്‍ത്തവീശോമിശിഹായുടെ തിരുമുഖത്തെപ്രതി ഞങ്ങള്‍ക്കു തരണമേ.ആമ്മെന്‍.